india

ന്യൂഡൽഹി: 2023 എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടി. അവസാന മത്സരത്തിന് ഇറങ്ങും മുൻപ് യോഗ്യത നേടിയതോടെ സമ്മർദമില്ലാതെ ഇനി കളിക്കാനാകും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫിലിപ്പൈൻസിനെ പാലസ്തീൻ 4–0ന് കീഴടക്കിയതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.

ഹോങ്കോംഗിനെതിരെ ഇന്ന് രാത്രിയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവിൽ ആറ് പോയിന്റുള്ള ഇന്ത്യ പട്ടികയിൽ ഹോങ്കോംഗിന് പിന്നിൽ 2–ാം സ്ഥാനത്താണ്. ഇരു രാജ്യത്തിന്റെയും പോയിന്റ് തുല്യമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഹോങ്കോംഗിനെ ഒന്നാമതെത്തിച്ചത്.

ഫിലിപ്പൈൻസ് വമ്പൻ തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിലെ ഏറ്റവും മികച്ച 2–ാം സ്ഥാനക്കാരായെങ്കിലും ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനാകും. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.

ആറ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർക്ക് പുറമെ ഏറ്റവും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്കും ടൂർണമെന്റിന് യോഗ്യത നേടാം. 13 ടീമുകളാണ് ഇത് വരെ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. ആകെ 24 ടീമുകളാകും ടൂർണമെന്റിൽ കളിക്കുക.