
ന്യൂഡൽഹി: വിവാഹം കഴിക്കാതെ കുറേക്കാലം ഒരുമിച്ച് ജീവിച്ച സ്ത്രീയെയും പുരുഷനെയും ഭാര്യാഭർത്താക്കൻമാരായി പരിഗണിക്കാമെന്നും ഇവരുടെ മക്കൾക്ക് പാരമ്പര്യ സ്വത്തിനുള്ള അവകാശം നിഷേധിക്കാൻ പാടില്ലെന്നും സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.
കോഴിക്കോട് സ്വദേശിയായ കെ ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ടാണ് വിധി. കരുണാകരന്റെ നാല് മക്കളിൽ ചിരുതക്കുട്ടിയെന്ന സ്ത്രീയിൽ ജനിച്ച മകനായ ദാമോദരൻ പിതാവിന്റെ സ്വത്തവകാശം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദാമോദരന് സ്വത്ത് നൽകേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഈ ഉത്തരവ് റദ്ദ് ചെയ്തു. ജസ്റ്റിസുമാരായ എസ് അബ്ദുൾ നാസർ, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കുറേക്കാലം ഒരുമിച്ച് കഴിഞ്ഞ സ്ത്രീയും പുരുഷനും വിവാഹിതരായി എന്ന് കണക്കാക്കാമെന്നും ഇവരിൽ ജനിക്കുന്ന മക്കൾക്ക് സ്വത്തവകാശമുണ്ടെന്നും വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും സ്വത്ത് കോടതി തുല്യമായി വീതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ കരുണാകരന്റെ മറ്റൊരു മകനായ അച്യുതന്റെ മക്കൾ നൽകിയ പരാതിയിലാണ് ഹൈക്കോടതി സ്വത്ത് നൽകേണ്ടതില്ലെന്ന് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ദാമോദരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ് കേസിന്റെ തീർപ്പിലേക്കുള്ള തുടക്കമായി കണക്കാക്കാമെന്നും ഇത്തരം കേസുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.