
കൊച്ചി: താൻ കസ്റ്റംസിനും കോടതിയ്ക്കും നൽകിയ രഹസ്യമൊഴികളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്. രണ്ട് മൊഴികളിലും വ്യത്യാസമുണ്ടെന്ന വിവരം സ്വപ്ന തളളി. മുഖ്യമന്ത്രിയും ഷാജ് കിരണുമായി ശക്തമായ ബന്ധമുണ്ടെന്നും തന്റെ മൊഴിയിൽ വ്യത്യാസമുണ്ടെന്ന് എങ്ങനെ അവർക്ക് പറയാനാകുമെന്ന് സ്വപ്‌ന ചോദിച്ചു. 'മുഖ്യമന്ത്രിയോ സിപിഎം നേതാവോ ഇതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അവർ സ്വാധീനം ഉപയോഗിച്ച് തന്റെ പ്രസ്‌താവന വായിച്ചിട്ടുണ്ടെന്നാണ് അർത്ഥം.' സ്വപ്‌ന പറഞ്ഞു.
ഷാജ് കിരണിന്റെ ഫോൺ രേഖ എഡിറ്റ് ചെയ്തു എന്ന ആരോപണം തളളിയ സ്വപ്‌ന, ഷാജ് കിരണും താനും സരിത്തും ചേർന്ന് സംസാരിച്ചത് എഡിറ്റ് ചെയ്തു എന്ന് മറ്റൊരാൾക്ക് എങ്ങനെ പറയാനാകുമെന്നും അതിനർത്ഥം മുഖ്യമന്ത്രിയ്‌ക്ക് ഷാജ് കിരണുമായി ശക്തമായ ബന്ധമുണ്ട് എന്നാണെന്നും അഭിപ്രായപ്പെട്ടു.
ഗൂഢാലോചന നടത്തിയെന്ന് താൻ പറയുന്നത് ആരോപണം ഉന്നയിച്ചവർ പ്രവർത്തിയിലൂടെ തെളിയിക്കുകയാണെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിലായിരുന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുളള മറുപടിയായി 'ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേർന്ന് ക്ളിഫ് ഹൗസിലിരുന്ന് ഒരുപാട് കാര്യങ്ങൾ ഡിസ്‌കസ് ചെയ്ത് ആക്ഷൻ എടുത്തിട്ടുണ്ട്, അതെല്ലാം മറന്നെങ്കിൽ വേണമെങ്കിൽ അവസരം വരുമ്പോൾ നിങ്ങൾവഴി അത് ഞാൻ ഓർമ്മിപ്പിക്കാം.' എന്ന് മാദ്ധ്യമങ്ങളോട് സ്വപ്‌ന പറഞ്ഞു. എത്ര കേസെടുത്താലും രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നതായും സ്വപ്‌ന അറിയിച്ചു.