protest

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്ക് കുരുക്ക് മുറുകുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിലാണ് അന്വേഷണം നടക്കുക.

അതേസമയം ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലെ അന്വേഷണം ഈ സംഘത്തിന്റെ പരിധിയിൽ വരില്ല. ഡിജിപിയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണസംഘത്തിന്റെ ചുമതല. എസ്.പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും. കണ്ണൂ‍ർ ക്രൈംബ്രാഞ്ച് എസ്.പിയെ കൂടാതെ തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണർ ഡി.കെ. പ്യഥ്വിരാജും സംഘത്തിൽ ഉണ്ട്.

അതേസമയം കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.രണ്ട് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ഇവർ മദ്യപിച്ചിരുന്നുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. 'ആരാണ് ഈ അക്രമം തുടങ്ങിയത്? സി പി എമ്മാണ് കേരളത്തിൽ ഭീകരപ്രവർത്തനം നടത്തുന്നത്. ഞങ്ങൾ ഈ സമരവുമായി മുന്നോട്ടുപോകും. അഞ്ച് ദിവസം കറുപ്പിനോട് അലർജിയായിരുന്നു. ഏറ്റവും അവസാനത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി കറുപ്പിനെ സ്‌നേഹിച്ചുതുടങ്ങിയത്.

ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാസ്‌ക് മാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പോകുന്നു. ഞാൻ പണ്ടു കരുതിയിരുന്നത് പിണറായി വിജയൻ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ്. ഇപ്പോൾ ആ മുഖ്യമന്ത്രിയല്ല പിണറായി വിജയൻ.'- വി ഡി സതീശൻ വ്യക്തമാക്കി. വഴിയരികിൽ നിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ അതെങ്ങനെയാണ് ആക്രമണമാവുകയെന്നും അദ്ദേഹം ചോദിച്ചു.