
ആലപ്പുഴ: വിമാനത്തിനുളളിൽ വച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധം സാധാരണ ഗതിയിലുള്ളതല്ലെന്നും സുധാകരൻ മോഡൽ ഭീകര പ്രവർത്തനമാണെന്നും അഭിപ്രായപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിൽ ആയുധമില്ലെന്ന് മനസ്സിലാക്കിയാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദ്ദേശമനുസരിച്ച് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും ഇങ്ങനെ വിമാനത്തിൽ കയറി ആക്രണം നടത്താറുളളവർ ഭീകരന്മാരാണെന്നും ജയരാജൻ പറഞ്ഞു. ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ അതിനെ മുതലെടുത്ത് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.