
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലെ കർഷകരുടെ ആധാർ വിവരങ്ങൾ ചോർന്നെന്ന് കണ്ടെത്തൽ. 11 കോടിയിലധികം വരുന്ന കർഷകരുടെ വിവരങ്ങളാണ് പി എം കിസാൻ വെബ്സൈറ്റിൽ നിന്ന് ചോർന്നിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡിന്റെ ഫീച്ചറിൽ സുരക്ഷാവീഴ്ചകളുണ്ടെന്നും പ്രാദേശിക അടിസ്ഥാനത്തിൽ കർഷകരുടെയൊക്കെ ആധാർ നമ്പറുകൾ ലഭ്യമാകുമെന്നും കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ദ്ധനായ അതുൽ നായരാണ് കണ്ടെത്തിയത്.
വെബ്സൈറ്റിന്റ അടിസ്ഥാന സ്ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഹാക്കർക്ക് വെബ്സൈറ്റിലെ ഡാറ്റ എളുപ്പത്തിൽ കൈക്കലാക്കാൻ സാധിക്കുമെന്ന് അതുൽ പറയുന്നു. കേരള പൊലീസിന്റെ സൈബർഡോമിൽ സേവനമനുഷ്ടിക്കുന്ന സുരക്ഷാ വിദഗ്ദ്ധനാണ് അതുൽ. പിഎം കിസാൻ വെബ്സൈറ്റിലെ കർഷകരുടെ വിശദവിവരങ്ങളുടെ സാംപിളുകൾ താൻ എടുത്തിട്ടുണ്ടെന്നും വെബ്സൈറ്റിന്റെ ഫൈൻഡർ ടൂൾ ഉപയോഗിച്ച് പുറത്തായ ഡാറ്റ യഥാർത്ഥ വിവരങ്ങളുമായി താരതമ്യം ചെയ്തു നോക്കിയപ്പോൾ ആധികാരികമാണെന്ന് കണ്ടെത്തിയതായും അതുൽ വ്യക്തമാക്കി.
അതുൽ പുറത്തുവിട്ട പിഎം കിസാൻ വെബ്‌സൈറ്റ് സ്‌ക്രിപ്റ്റിന്റെ സ്‌ക്രീൻഷോട്ടുകളിൽ ഒരു കർഷകന്റെ പ്രദേശവും ആധാർ വിവരങ്ങളും വ്യക്തമായി കാണിക്കുന്നുണ്ട്. പിഎം കിസാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത എല്ലാ കർഷകരുടെയും വിവരങ്ങൾ പുറത്തായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.