ഹരിപ്പാട്: ഹരിപ്പാട് മുട്ടം ജലജ വധക്കേസിലെ പ്രതി സജിത്തിനെ (40)തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്‌ഷന് സമീപമുളള ഗോൾഡൻ അവന്യൂ ഹോട്ടൽ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം പീടികപറമ്പിൽ ശശി-മണി ദമ്പതികളുടെ മകനാണ്.
അറസ്റ്റിലായ സജിത്ത് ജാമ്യം നേടി പുറത്തിറങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു. ഞായറാഴ്‌ചയാണ് ഗോൾഡൻ അവന്യൂവിൽ മുറിയെടുത്തത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇന്നലെ രാവിലെ വാതിലിൽ പല തവണ മുട്ടി. അനക്കമില്ലെന്ന് കണ്ടതോടെ വാതിൽ തുറക്കാനുളള ശ്രമവും നടത്തി. 11 മണിയോടെ ആശാരിയെ എത്തിച്ചാണ് വാതിൽ തുറന്നത്. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് സജിത്തിന്റെ മരണം.മനീഷാണ് സഹോദരൻ.
2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ആലപ്പുഴ ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടി കൂടാൻ കഴിയാതിരുന്നതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയും 2017 ഡിസംബർ 24ന് പ്രതിയെ പിടി കൂടുകയുമായിരുന്നു. ജലജയുടെ അയൽവാസി രഘുവിന്റെ സുഹൃത്തായിരുന്നു സജിത്ത്. രഘുവിനെ അന്വേഷിച്ച് ജലജയുടെ വീട്ടിലെത്തിയ സജിത്ത് അവരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഉന്തും തള്ളുമുണ്ടാകുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ജലജയുടെ ആഭരണങ്ങളും സജിത്ത് കവർന്നിരുന്നു.
തുടർന്ന് വിദേശത്തേക്ക് കടന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചു വരുത്തിയാണ് തൃശൂർ ക്രൈബ്രാഞ്ച് എസ്.പി സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്.മാവേലിക്കര കോടതി റിമാൻഡ് ചെയ്ത സജിത്ത് 2018 ജൂലായിൽ ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് പുറത്തിറങ്ങിയത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ ഒരോ ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. തുടർന്നാണ് തിരുവനന്തപുരത്ത് താമസമാക്കിയത്.