df

ന്യൂഡൽഹി: ഈ വർഷം മേയിൽ ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി 33.20 ശതമാനം കുറഞ്ഞ് 5,14,022 ടണ്ണായതായി സോൾവെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷൻ (എസ്.ഇ.എ) അറിയിച്ചു. എന്നാൽ റിഫൈനറികൾ വഴിയുള്ള ആർ.ബി.ഡി പാമോലിൻ ഓയിൽ കയ​റ്റുമതിയിൽ കുത്തനെ വർദ്ധനയുണ്ടായി. ലോകത്തെ മുൻനിര സസ്യ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യ 2021 മേയിൽ 7,69,602 ടൺ പാമോയിലാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഈ വർഷം മേയിൽ 10,05,547 ടണ്ണായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ ഇത് 12,13,142 ടണ്ണായിരുന്നു. രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാമോയിലിന്റെ വിഹിതമാണ്.

സോഫ്ട് ഓയിലുകളിൽ, സോയാബീൻ എണ്ണയുടെ ഇറക്കുമതി ഈ വർഷം മേയിൽ 3.73 ലക്ഷം ടണ്ണായി കുത്തനെ വർദ്ധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2.67 ലക്ഷം ടണ്ണായിരുന്നു. അതേസമയം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി മുൻ വർഷം ഇത് കാലയളവിലെ 1.75 ലക്ഷം ടണ്ണിൽ നിന്ന് 1.18 ലക്ഷം ടണ്ണായി കുറഞ്ഞു.