modi-aditya-thackerey

മുംബയ്: മഹാരാഷ്ട്രയിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തിൽ എത്തിയ മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറയെ തടഞ്ഞ് പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നവരുടെ ലിസ്റ്റിൽ ആദിത്യ താക്കറെയുടെ പേര് കാണാത്തതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചത്.

മുംബൈയിലെ കൊളാബയിലെ നാവിക ഹെലിപോർട്ടായ ഐഎൻഎസ് ശിക്രയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു ആശയകുഴപ്പം ഉടലെടുത്തത്. തന്നെ തടഞ്ഞ സുരക്ഷാ സേന താൻ ആരാണെന്ന് വെളിപ്പെടുത്തിയ ശേഷം മാത്രമാണ് ഉള്ളിലേക്ക് പ്രവേശനം അനുവദിച്ചതെന്ന് ആദിത്യ താക്കറെ പറ‌ഞ്ഞു. സംഭവത്തിന് വലിയ പ്രാധാന്യം നൽകേണ്ടെന്ന് പറഞ്ഞ ആദിത്യ താക്കറെ, ലിസ്റ്റിൽ തന്റെ പേര് ഒഴിവാക്കപ്പെട്ടതിനാലാണ് ആശയകുഴപ്പം സംഭവിച്ചതെന്നും ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും വ്യക്തമാക്കി. എന്നാൽ സംഭവം അത്ര നിസാരമാക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തയ്യാറല്ലെന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ. അതിനാൽ തന്നെ തന്റെ മകൻ കൂടിയായ ആദിത്യ താക്കറെയ്ക്ക് നേരിട്ട അപമാനം അദ്ദേഹം അത്ര നിസാരമായി കാണാൻ സാദ്ധ്യതയില്ല. വിമാനത്താവളത്തിൽ വച്ച് സുരക്ഷ സംഘത്തോട് ഏറ്റവും അധികം വാദിച്ചതും ഉദ്ദവ് താക്കറെയാണ്. തന്റെ മകൻ ആയതുകൊണ്ട് മാത്രമല്ല സംസ്ഥാന മന്ത്രി കൂടിയാണെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആദിത്യ താക്കറെയ്ക്ക് എല്ലാ അവകാശമുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

പ്രധാനമന്ത്രിയോടൊപ്പം രണ്ടിടത്ത് മുഖ്യമന്ത്രി വേദി പങ്കിട്ടു. അതിൽ ഒരിടത്ത് ആദിത്യ താക്കറെയും എത്തിയെങ്കിലും വേദിയിൽ കയറാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രിക്ക് പ്രഥമ ലതാ മങ്കേഷ്ക്കർ പുരസ്കാരം നൽകുന്ന ചടങ്ങിൽ നിന്നും ഉദ്ദവ് താക്കറെ വിട്ടുനിന്നിരുന്നു. ലതാ മങ്കേഷ്ക്കറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നിട്ട് കൂടി മുഖ്യമന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നി. തന്നെ ചടങ്ങിന് ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രി പിന്നീട് വിശദീകരണം നൽകിയിരുന്നു.