wild

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ കനത്ത പ്രതിഷേധം. വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചു. അരുണമല കോളനിയിലെ കൃഷ്‌ണന്റെ മകൻ മോഹനൻ (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കോളനിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിനിടയിൽ കാണാതായ രഘുവിനെ തിങ്കളാഴ്ച രാത്രിയിൽ തന്നെ കണ്ടെത്തി. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇയാൾ ഉൾവനത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാവിലെ 11 മണി മുതൽ ഒരു മണിക്കൂർ നേരം മേപ്പാടി ടൗണിലെ പ്രധാന ജംഗ്ഷൻ യുഡിഎഫ് ഉപരോധിച്ചു. ടി.സിദ്ദീഖ് എം.എൽ.എ ഡി എഫ് ഒയുമാമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

കൊല്ലപ്പെട്ട മോഹന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കു എന്നീ ആവശ്യങ്ങൾ ചർച്ചയിലുന്നയിച്ചു. ഡിഎഫ്‌ഒ എംഎൽ‌എയ്‌ക്ക് നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.