
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ മാനേജരുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസുകാർ നാടൻ ഭാഷയിൽ ഭീഷണി മുഴക്കി. മുദ്രാവാക്യവുമായി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇ പി ജയരാജൻ പ്രതിഷേധക്കാരെ തടഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. 'മുഖ്യമന്ത്രി ഇറങ്ങാൻ ഒരുങ്ങവേ പ്രതിഷേധക്കാർ ചാടിയെഴുന്നേറ്റു. ഒരു യാത്രക്കാരൻ ഇവരെ തടഞ്ഞു.'-എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടിലുള്ളത്.ആദ്യ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടായിരുന്നില്ല.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ നേരെത്തെ ആരോപിച്ചിരുന്നു. കേസിൽ പ്രത്യേകസംഘം ഇന്ന് അന്വേഷണം തുടങ്ങും. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
അതേസമയം, കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ വിമാനത്തിലെത്തിച്ച് മഹസർ തയ്യാറാക്കും.
പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസിലെ മൂന്നാമത്തെ പ്രതിയും സംഭവത്തിന്റെ വീഡിയോ എടുത്തയാളുമായ സുനിത് നാരായണൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.