
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ പതിനൊന്നിന് ഇഡിക്ക് മുന്നിൽ ഹാജരാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ് അന്വേഷണ സംഘം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.
ഇന്നലത്തെ ചോദ്യം ചെയ്യൽ രാത്രി ഒൻപതരയോടെ അവസാനിച്ചെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പതിനൊന്നരയോടെയാണ് രാഹുൽ പുറത്തിറങ്ങിയത്. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം ഇന്നലെ രാവിലെ 11.05നാണ് രാഹുൽ ഇ.ഡി ആസ്ഥാനത്തെത്തിയത്. 20 ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇ ഡിയുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നും പ്രതിഷേധിക്കും. തുടർച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ചത്തേതിന് സമാനമായ രംഗങ്ങളാണ് ഇന്നലെയും കോൺഗ്രസ് ആസ്ഥാനത്തിന് സമീപത്തെ റോഡുകളിലുണ്ടായത്. രാഹുലിനെ അനുഗമിക്കാനുള്ള നേതാക്കളുടെ ശ്രമം പൊലീസ് തടഞ്ഞിരുന്നു.