sc-family

പത്തനംതിട്ട: പട്ടികജാതി കുടുംബത്തിന് സർക്കാർ അനുവദിച്ച ആനുകൂല്യം സി പി എം നേതാക്കൾ തട്ടിയെടുത്തതായി പരാതി. പത്തനംതിട്ട നരങ്ങാനം സ്വദേശി സരസമ്മയാണ് പരാതി നൽകിയത്. സി പി എം ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് വീട്ടമ്മയുടെ ആരോപണം.

വീട് പുനർനിർമാണത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് തട്ടിയെടുത്തെന്നാണ് ഓബുഡ്സ്മാന് നൽകിയ പരാതിയിൽ പറയുന്നത്. ഒരു സ്വകാര്യ ചാനലാണ് വാർത്ത പുറത്തുവിട്ടത്. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും ചെയ്തുതരാമെന്ന് പറഞ്ഞാണ് നേതാക്കൾ പണം വാങ്ങിയതെന്ന് വീട്ടമ്മ പറഞ്ഞു.

'നിങ്ങളുടെ വീടിന്റെ കാര്യം പറഞ്ഞ് ഇവർ കാശ് പിരിക്കുന്നുണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ശരിക്കും പറ്റിച്ചതാണ്. എത്ര പ്രാവശ്യം വിളിച്ചു. ഞങ്ങളുടെ നമ്പർ കാണുമ്പോൾ ഫോൺ എടുക്കില്ല.'- വീട്ടമ്മ പറഞ്ഞു. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നാലംഗ കുടുംബം താമസിക്കുന്നത്.