she

മുപ്പത് വർഷത്തോളം സ്കൂളിലെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന അദ്ധ്യാപകനെ കുറിച്ചുള്ള വാർത്ത പുറത്തു വന്നത് അടുത്തിടെയാണ്. സെന്റ്‌ ജമ്മാസിലെ മുൻ അദ്ധ്യാപകനായിരുന്ന കെ വി ശശികുമാറിനെതിരെ പോക്സോ കേസ് ചുമത്തിയെങ്കിലും ജാമ്യം കിട്ടിയതോടെ അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് ജയിൽമോചിതനായി.

ആ കേസ് കെട്ടടങ്ങും മുമ്പ് തന്നെ മലപ്പുറത്ത് നിന്നും മറ്റൊരു അദ്ധ്യാപകനെതിരെയുള്ള പോക്സോ കേസ് കൂടി പുറത്തു വരികയാണ്. ജില്ലയിലെ എംഎസ്‌പി സ്കൂളിലെ സംസ്കൃതം അദ്ധ്യാപകനായ നാരായണനെതിരെ 15 വിദ്യാർത്ഥിനികളാണ് ചൈൽഡ് ലൈനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ക്ലാസെടുക്കുന്നതിനിടെ പെൺകുട്ടികളുടെ വസ്ത്രം പൊക്കി നോക്കുന്നു,​ വസ്ത്രത്തിനുള്ളിലേക്ക് വടി കുത്തുന്നു തുടങ്ങി കടുത്ത ആരോപണങ്ങളാണ് ഈ അദ്ധ്യാപകനെതിരെ പുറത്തു വരുന്നത്.

അതേസമയം,​ ചൈൽഡ് ലൈനിൽ പരാതി നൽകിയ കുട്ടികളെ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് പിന്തിരിക്കാൻ ശ്രമിച്ചതായും ആരെയും അറിയിക്കാതെ തങ്ങൾ തന്നെ ഈ വിഷയം പരിഹരിച്ചോളാം എന്ന് പറഞ്ഞെന്നുമാണ് സ്വതന്ത്രമാദ്ധ്യമപ്രവർത്തകയായ ശരണ്യ എം ചാരു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

ശശിമാർ ആവർത്തിക്കപ്പെടുകയാണ്, പേരുകൾ മാത്രമേ മാറുന്നുള്ളൂ... മലപ്പുറം എംഎസ് പി സ്കൂളിലെ സംസ്‌കൃതം അദ്ധ്യാപകൻ നാരായണൻ മാഷിനെതിരെ 15 ൽ കൂടുതൽ കുട്ടികൾ ചൈൽഡ് ലൈനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

എന്താണോ കഴിഞ്ഞ 30 വർഷമായി ശശികുമാർ സെന്റ്‌ ജമ്മാസിലെ കുട്ടികളോട് കാണിച്ചത് അതിന് സമാനമായ കാര്യങ്ങൾ തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത് എന്ന് കുട്ടികളുടെ പരാതിയിൽ നിന്ന് വ്യക്തം.

ആറിലും ഏഴിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ ഡ്രെസ് പൊക്കി നോക്കുക, ഡ്രെസ്സിനകത്തേക്ക് വടി കുത്തുക തുടങ്ങി ശശികുമാറിന്റെ മറ്റൊരു അവതാരമാണ് ഇയാൾ എന്നാണ് അറിയാൻ സാധിച്ചത്.

നിരന്തരം ഈ മാഷിൽ നിന്നും ശാരീരികമായ ഉപദ്രവം നേരിട്ട ചില കുട്ടികൾ അത് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുകയും മാഷ് അങ്ങനെ ചെയ്യില്ലെന്നും മേലാൽ ഇനിയിത് ഒരാളോടും പറയരുത് എന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.

സ്വന്തം കുഞ്ഞിന്റെ ജീവനോളം വലുതല്ല മുന്നിൽ നിൽക്കുന്ന ഏതെങ്കിലും ഒരുത്തന്റെ പ്രിവിലേജ് എന്ന് എന്നാണ് ഇനി നമ്മുടെ നാട്ടിലെ രക്ഷിതാക്കൾ തിരിച്ചറിയുന്നത്. സ്വന്തം കുഞ്ഞുങ്ങൾ ഇത്തരമൊരു കാര്യത്തിൽ അമ്മയച്ഛൻമാരോട് കള്ളം പറയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരൊക്കെ വിശ്വാസിക്കുന്നത്.

വീട്ടുകാരുടെ ഇത്തരത്തിലുള്ള പ്രതികരണം കൊണ്ടാകണം കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾ ആദ്യം പരാതി പറയാൻ തയ്യാറായിരുന്നില്ല പോലും. എങ്ങനെ പറയാൻ ആണ് സ്വന്തം വീട്ടിൽ പറഞ്ഞപ്പോ വായടക്കി മിണ്ടാതിരിക്കാൻ പറഞ്ഞാ പിന്നെ പിള്ളേര് മറ്റാരോട് ആണ് ഇതൊക്കെ വിശ്വസിച്ചു പറയുന്നത്.

എന്നാൽ ഒരു കുട്ടി വെള്ളക്കടലാസിൽ പരാതി എഴുതി നൽകിയതിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം മറ്റ് കുട്ടികളിലേക്ക് വ്യാപിക്കുകയും ഇതിന് ശേഷം ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിരന്തര ശ്രമങ്ങൾക്ക് ഒടുവിൽ 15 ൽ കൂടുതൽ കുട്ടികൾ സംഭവങ്ങൾ തുറന്ന് പറയുകയുമായിരുന്നു.

പരാതിയിൽ ഒപ്പിട്ട് നൽകിയ കുട്ടികളെ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ആദ്യ ഘട്ടം മുതൽ പിന്തിരിക്കാൻ ശ്രമിച്ചതായും, ആരോടും പറയരുത് ഞങ്ങൾ പരിഹരിച്ചോളാം എന്ന് പറഞ്ഞതായുമാണ് വിവരം. എന്താണോ സെന്റ്‌ ജമ്മാസിൽ വർഷങ്ങളായി നടന്നത് അത് തന്നെ ഇവിടെയും ആവർത്തിക്കാൻ ശ്രമിച്ചു.

അപ്പോഴും എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇത്രയും കൂടുതൽ കുട്ടികളോട് മോശമായി പെരുമാറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇത്തരമാളുകളുടെ മനോനിലയാണ്.

എന്തിന് വേണ്ടിയായിരിക്കും ഇവരൊക്കെ ഇങ്ങനെ എപ്പോഴും പീഡകർക്ക് ഒപ്പം നിൽക്കുന്നത്. ഏറ്റവും ചെറിയ പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ഒരിക്കലും മറക്കാൻ കഴിയാത്ത മെന്റൽ ട്രോമയ്ക്ക് ആര് സമാധാനം പറയും.

കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇത്രയും കുട്ടികൾ ഒരുമിച്ചു പരാതിപ്പെട്ട പോക്സോ കേസ് ആയിട്ട് കൂടി ആരൊക്കെയോ ചേർന്ന് ഈ വിഷയം രഹസ്യമാക്കി വയ്ക്കുകയാണ്.

അതിന്റെ ആവശ്യമില്ലെന്നും, തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും, പരസ്യമായി നാണം കെടണമെന്നും തന്നെയാണ് എന്റെ പക്ഷം. അതോണ്ടാണ് ഞാൻ മനസ്സിലാക്കിയ വിഷയങ്ങൾ ഞാൻ ഇവിടെ പരസ്യപ്പെടുത്തുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കാലം നീണ്ടു പോയ പീഡന പരമ്പരയിലെ മഹാൻ അന്തസായിട്ട് നിയമത്തിൽ നിന്ന് ഊരി വന്ന് വീട്ടിലിരിക്കുന്ന ഈ നാട്ടിൽ നിന്ന് കൊണ്ട് ഇത്തരത്തിൽ പ്രതിഷേധിക്കാനേ നിലവിൽ കഴിയൂ...

ഇവിടത്തെ നിയമം കുറെ കൂടി ശക്തമാക്കാതെ, പരാതിക്കാർക്ക് എത്രയും വേഗത്തിൽ നീതി ഉറപ്പാക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് നമ്മൾ ഇനിയും ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും നമ്മളതിനൊക്കെ ഇതിൽ കൂടുതൽ വില കൊടുക്കേണ്ടി വരും.

fb-post