water-lily-

തൃശൂർ: 40,000 രൂപവരെയുള്ള പൊന്ന് വിലയുള്ള ആമ്പലുകളുണ്ട് വിജിയുടെ വീട്ടുമുറ്റത്തെ കൃത്രിമ പൊയ്കകളിൽ. നാടനും വിദേശിയുമടക്കം 100 ലേറെ അപൂർവയിനം ആമ്പലുകളുടെ വസന്തമാണ് വിജിയുടെ ഒല്ലൂർ ചങ്ങലഗേറ്റിലെ 60 സെന്റ് വാടകവീടിന്റെ മുറ്റം. നൂറിലധികം പ്ലാസ്റ്റിക് ടബ്ബുകളിലായാണ് ഇവ വളർത്തുന്നത്. ഓൺലൈനിലൂടെയുള്ള ആമ്പൽ വില്പനയിലൂടെ പ്രതിമാസം വിജി സമ്പാദിക്കുന്നത് ശരാശരി 50,000 രൂപ.

ബി.കോം ബിരുദധാരിയായ വിജി പഠന കാലത്തു തന്നെ പൂന്തോട്ടവുമൊരുക്കിയിരുന്നു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പുഷ്പക്കൃഷി പഠിച്ചു. എല്ലായിനം ചെടികളും വളർത്തിയിരുന്നെങ്കിലും ആമ്പലുകളിൽ ശ്രദ്ധയൂന്നാൻ തുടങ്ങിയത് മൂന്നു വർഷം മുമ്പാണ്. അയൽക്കാർക്കായിരുന്നു ആദ്യ വില്പന. ട്രാൻഡുല എന്ന ആമ്പലാണ് കൂട്ടത്തിലെ വിലകൂടിയ താരം. ഒരെണ്ണത്തിന് വില 40,000രൂപ. കൂടാതെ 150 രൂപ മുതലുള്ള ഇനങ്ങളുമുണ്ട്.

കൂടുതൽ സമയം വിരിഞ്ഞിരിക്കുന്നതും ഒരാഴ്ച വരെ കൊഴിയാത്തവയ്ക്കുമെല്ലാം ഡിമാന്റേറെയാണ്. റിഷി, റിയ, മെർമെയ്ഡ് തുടങ്ങി 20 ഇന്ത്യൻ ഇനങ്ങൾ വേറെയും. സ്ഥാപനങ്ങളും പൂന്തോട്ടനിർമ്മാണം ഹരമാക്കിയവരുമാണ് വില കൂടിയവയുടെ ആരാധകർ. ഭർത്താവ് അബി സി.സി.ടി.വി വിൽക്കുന്ന സ്ഥാപനമുടമയാണ്. വിദ്യാർത്ഥികളായ അബ്രോണും അബ്രിയയുമാണ് മക്കൾ.

ലക്ഷ്യം പുതിയ ഇനങ്ങൾ

പുതിയ ഇനം ആമ്പലുകൾ വികസിപ്പിക്കുകയാണ് വിജിയുടെ ലക്ഷ്യം. ഇതിനായി തായ്ലൻഡിലെ സുഹൃത്തുക്കളിലൂടെയും ലേഖനങ്ങളിലൂടെയും ആമ്പലുകളിലെ കൃത്രിമ പരാഗണരീതി പഠിച്ചു. ആവശ്യമുള്ള ചെടികളും വിത്ത്കിഴങ്ങുകളും അവിടുത്തെ മലയാളി സുഹൃത്തുക്കൾ സംഭരിച്ച് നാട്ടിലേക്കയയ്ക്കും.

ആസ്‌ട്രേലിയൻ താരം

ട്രോപ്പിക്കൽ, ആസ്‌ട്രേലിയൻ, ഹാർഡി വിഭാഗങ്ങളിൽ ആസ്‌ട്രേലിയനാണ് താരം. വളർത്താനും പരിപാലിക്കാനും എളുപ്പം. ധാരാളം പൂക്കും. നേരത്തെ വിരിയും. വൈകിയേ കൂമ്പുകയുള്ളൂ.

ആമ്പൽ വിത്ത് വില

ട്രാൻഡുല40,000
ജലൂസ്30,000
ശശമോന്തോൺ22,000
പുവാടോൾ12,000
സൂപ്പർമൂൺ10,000
മെർമെയ്ഡ് 8,000
ന്യൂ ഓർലാൻസ് ലേഡി7,000

(150 - 1,000 രൂപ വരെയുള്ളതും ഉണ്ട്)

'തായ്ലൻഡിൽ വർഷവും നടക്കുന്ന രാജ്യാന്തര മത്സരത്തിൽ വിജയിക്കണം. ഇവിടെയാണ് അപൂർവ ഇനങ്ങളെ തിരഞ്ഞെടുക്കുന്നത്. വലിപ്പം, ഇതളുകളുടെ എണ്ണം, കട്ടി, നിറം, ആയുസ് തുടങ്ങിയവ പരിഗണിക്കും. ആമ്പലിന്റെ മികച്ച ഉത്പാദകയാവണം'.

വിജി