dhyan-sreenivasan

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹവാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ എത്തിയെങ്കിലും മലയാളത്തിൽ നിന്ന് ദിലീപും സത്യൻ അന്തിക്കാടും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ വിവാഹത്തിന് നയൻതാര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

'വിവാഹത്തിന് എന്നെ വിളിച്ചിരുന്നു,ഞാൻ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്‌മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കിലാണെന്ന് അവരെ അറിയിച്ചു.'- ധ്യാൻ പറഞ്ഞു. പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.

ലൗ ആക്ഷൻ ഡ്രാമയിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന് ധ്യാൻ പറഞ്ഞു. 'അന്ന് സംവിധാനം ചെയ്തപ്പോൾ എനിക്കൊരു ചീത്തപ്പേരുണ്ടായിരുന്നു. ലൗ ആക്ഷൻ ഡ്രാമയിൽ ഒരുപാട് കള്ളുകുടിയും ബാറുമെല്ലാം ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഓഫീസറും ഇതെന്നോട് പറ‌ഞ്ഞു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണത്.'- ധ്യാൻ പറഞ്ഞു.