wedding-

പുതുതലമുറയിലുള്ളവർക്ക് വിവാഹ ജീവിതത്തിനോട് താത്പര്യമില്ലാത്തത് ജപ്പാന് പ്രതിസന്ധിയാവുന്നു. ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതേ തുടർന്ന് ആളുകൾ വിവാഹിതരാകാൻ മടിക്കുന്നത് എന്ത് കൊണ്ടാണെന്ന് സർക്കാർ പഠനം നടത്തി ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജാപ്പനീസ് പുരുഷന്മാരും സ്ത്രീകളും എന്തുകൊണ്ടാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തതെന്നായിരുന്നു സർവേ.

ഗവൺമെന്റ് സർവേ അനുസരിച്ച്, ജപ്പാനിൽ 30 വയസുള്ള അവിവാഹിതരിൽ നാലിൽ ഒരാൾ സാമ്പത്തിക ബാദ്ധ്യതയും സ്വാതന്ത്ര്യനഷ്ടവും വീട്ടുജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തത്. കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന വിവാഹങ്ങൾ കേവലം 514,000 ആയിരുന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

20നും 60നുമിടയിൽ പ്രായമുള്ള 20,000 പേരുടെ പ്രതികരണങ്ങൾ പരിശോധിച്ച പഠനത്തിൽ 30 വയസിന് മുകളിലുള്ള 54 ശതമാനം പുരുഷന്മാരും 62 ശതമാനം സ്ത്രീകളും വിവാഹിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സർവേയിലെ ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാൽ രാജ്യത്തെ 26 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നവരാണ്. സാമ്പത്തിക ശേഷിയില്ലായ്മയും തൊഴിൽ അരക്ഷിതാവസ്ഥയുമാണ് വിവാഹം കഴിക്കാതിരിക്കാനുള്ള പ്രധാന കാരണമായി പുരുഷന്മാർ പറയുന്നത്. എന്നാൽ വീട്ടുജോലിയിലും ശിശുപരിപാലനത്തിലും ഏർപ്പെടാൻ താത്പര്യമില്ലാത്തതാണ് വിവാഹത്തിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്നത്. ജാപ്പനീസ് ജനസംഖ്യയും ഇതിന് അനുസരിച്ച് കുറയുകയാണ്.

ജനസംഖ്യയിൽ നല്ലൊരു പങ്കും വാർദ്ധക്യത്തോട് അടുക്കുന്നത് ജപ്പാന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. യുഎൻ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാജ്യമാണ് ജപ്പാൻ. 2050 വരെ ജപ്പാൻ ആ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചരിത്രത്തിൽ രണ്ട് തവണ ജപ്പാൻ ബേബി ബൂമിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1947 മുതൽ 1949 വരെയും 1971 മുതൽ 1974 വരെയുമായിരുന്നു ഇത്.