monkeypox

ന്യൂഡൽഹി: മങ്കിപോക്‌സ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ പലഭാഗങ്ങളിലും വൈറസ് വ്യാപനം വർ‌ദ്ധിക്കുകയാണ്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ഹെൽത്ത് ഏജൻസി അടുത്തയാഴ്ച അടിയന്തര യോഗം വിളിക്കുന്നുണ്ട്.

ജൂൺ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ലോകമൊട്ടാകെ 2821 പേരിലാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 1285 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടരുകയാണ്. ഇവിടെ നിന്നായി 72 മങ്കിപോക്‌സ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

രോഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മോശമാവുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടികൾ സ്വീകരിക്കേണ്ട സമയമായെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസിലൂടെ പകരുന്ന രോഗമാണ് മങ്കിപോക്‌സ്. വസൂരിയുടെ ലക്ഷണമുണ്ടെങ്കിലും വസൂരിയോളം മാരകമല്ല. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.