cardamom

കൊച്ചി: ഏലത്തിന് 2019ൽ വില കിലോയ്ക്ക് 4,000 രൂപ; ഇപ്പോൾ 800 രൂപ. ഉത്‌പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്തവിധം ഏലയ്ക്കാവില കൂപ്പുകുത്തിയതോടെ കൃഷി നിറുത്താനോ മറ്റ് വിളവുകളിലേക്ക് തിരിയാനോ ഉള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ മുഖ്യ ഏലം ഉത്‌പാദന കേന്ദ്രമായ ഇടുക്കിയിലെ കർഷകർ.

ഏലത്തിന്റെ ശരാശരി ഉത്‌പാദനച്ചെലവായ ആയിരം രൂപ പോലും കിട്ടാത്തവിധമാണ് വിലത്തകർച്ചയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ കർഷകർ ഏലത്തെ കൈവിട്ട് കുരുമുളകിൽ അഭയംതേടിക്കഴിഞ്ഞു. എന്നാൽ, കാർഡമം ഹിൽ റിസർവ് ചട്ടപ്രകാരം ഏലം കൃഷിഭൂമി മറ്റ് കൃഷിക്ക് ഉപയോഗിക്കാനാവില്ല. ഇതുമൂലം ഏലം കർഷകർ വ്യാപകമായി മറ്റ് കൃഷിയിലേക്ക് മാറിയിട്ടില്ല. ചട്ടത്തിലുൾപ്പെടാതെയുള്ള ചെറുകിട കർഷകർ മാത്രമാണ് കുരുമുളകിലേക്കും മറ്റും മാറിയത്.

മറ്റ് കൃഷിയിലേക്ക് തിരിയാൻ അനുമതിയില്ലെങ്കിലോ ഏലം വില മെച്ചപ്പെട്ടില്ലെങ്കിലോ നിലവിലെ ഏലക്കൃഷി ഭൂമി കൃഷിയില്ലാതെ വെറുതേയിടാനെ നിവൃത്തിയുള്ളൂവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

80%

കൊവിഡിൽ 80 ശതമാനം വിലത്തകർച്ചയാണ് ഏലം നേരിട്ടത്. വിലയിടിവ് ഇങ്ങനെ:

 2019 : ₹4000

 2022 : ₹800

വില്ലൻ കൊവിഡ്

കൊവിഡിൽ മുഖ്യവിപണിയായ ഗൾഫിൽ നിന്നുൾപ്പെടെ ഡിമാൻഡ് കുറഞ്ഞതാണ് ഏലം വിലയെ തകർത്തത്. കീടനാശിനി പ്രശ്‌നംമൂലം സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിക്ക് പ്രതിസന്ധിയുണ്ടായതും തിരിച്ചടിയായി.