ചിക്കൻ വിഭവങ്ങളോടൊപ്പം മയോണൈസ് ചേർത്ത് കഴിക്കുന്നത് മിക്കവാറും പേർക്കും പ്രിയമാണ്. പൊറോട്ടയും ചിക്കൻ വിഭവങ്ങളും ബിരിയാണിയും ഒപ്പം മയോണൈസും കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ മയോണൈസ് കൊണ്ടുതന്നെ ഒരു ചിക്കൻ വിഭവം ഉണ്ടാക്കിയാലോ? സിനിമ- സീരിയൽ താരം മഞ്ജു വിജീഷാണ് ഇത്തവണ പുതിയ വിഭവവുമായി എത്തുന്നത്.
മയോണൈസ് ചിക്കൻ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ചിക്കൻ
മൂന്ന് സവോള ചെറുതായി അരിഞ്ഞത്
കറിവേപ്പില
വറ്റൽമുളക് ചതച്ചത്
കുരുമുളക് പൊടി
മല്ലിയില
ഉപ്പ്
വെളുത്തുള്ളി
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്
പുതിനയില
സോയാ സോസ്
മൂന്ന് മുട്ട
സൺ ഫ്ളവർ ഓയിൽ
വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ഉരുളിയിൽ (പാൻ, ചീനച്ചട്ടി എന്നിവയും ഉപയോഗിക്കാം) എണ്ണ ഒഴിച്ച് ചൂടാക്കണം. എണ്ണ ചൂടാകുമ്പോൾ അതിൽ കറിവേപ്പില ഇടണം.
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം
ഇതിലേയ്ക്ക് സവോള ചെറുതായി അരിഞ്ഞതിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക
ഇതിൽ ആവശ്യത്തിന് കുരുമുളക് പൊടി ചേർത്ത് ഇളക്കണം
ഇതിൽ മൂന്ന് സ്പൂൺ ടൊമാറ്റോ സോസും ഒരു സ്പൂൺ സോയ സോസും ചേർക്കണം
എല്ലാ ചേരുവകകളും നന്നായി ഇളക്കിയതിന് ശേഷം ചിക്കൻ ഇതിൽ ഇട്ട് അടച്ച് വച്ച് വേവിക്കണം.
തീ കുറച്ചതിന് ശേഷം ഇതിലേയ്ക്ക് വറ്റൽ മുളക് പൊടിച്ചതും മല്ലിയിലയും പുതിനയിലയും ചേർക്കണം. കുറച്ച് നേരം കൂടി അടച്ചുവച്ച് വേവിക്കണം.
ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മയോണൈസ് ചേർത്ത് നന്നായി ഇളക്കണം. മയോണൈസ് ചിക്കൻ കറി തയ്യാർ!
മയോണൈസ് തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ള, ഒരു സ്പൂൺ ചെറുനാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി
അര സ്പൂൺ പഞ്ചസാര
അര സ്പൂൺ ഉപ്പ്
രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി
എണ്ണ ( സൺഫ്ളവർ അല്ലെങ്കിൽ ഒലിവ്
ആദ്യത്തെ മൂന്ന് ചേരുവകൾ ചേർത്ത് മിക്സിൽ ചെറിയ സ്പീഡിൽ അടിച്ചെടുക്കണം. ശേഷം വെളുത്തുള്ളി ചേർത്ത് വീണ്ടും ചെറിയ സ്പീഡിൽ അടിക്കണം. ഇതിലേയ്ക്ക് അൽപ്പാൽപ്പമായി എണ്ണ ചേർത്ത് അടിച്ചെടുക്കണം. മയോണൈസ് തയ്യാർ!