rahul-gandhi

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും സംഘർഷത്തിൽ കലാശിച്ചു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ എല്ലാ രാജ്‌ഭവനുകളും ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടാവും.

എഐസിസി ആസ്ഥാനത്ത് പൊലീസ് കയറിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ ഉൾപ്പടെയുള്ളവർ കുത്തിയിരുന്നു പ്രതിഷേധിച്ചു.എന്നാൽ എഐസിസി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഡ പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

രാഹുലിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ജെബി മേത്തർ അടക്കമുള്ള വനിതാ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.

കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഷേധമുയർന്നിരുന്നു. മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് രാഹുൽ ഗാന്ധിയെ ഇന്നലെ ഇ ഡിയ്ക്ക് മുന്നിൽ ഹാജരാക്കിയത്.

ഇന്നലെയും തിങ്കളാഴ്ചയുമായി ഇരുപത് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. അതിനുശേഷം അദ്ദേഹം ആശുപത്രിയിൽ കഴിയുന്ന സോണിയാ ഗാന്ധിയെ സന്ദർശിച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിക്കും ഇ ഡി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സോണിയ അടുത്തയാഴ്ച ഹാജരായേക്കില്ല. ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി തീയതി നീട്ടി ചോദിക്കും.