bts

മലയാളികൾ ഉൾപ്പെടെ ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡാണ് ബിടിഎസ്. ബിടിഎസിന്റെ വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരുന്ന ആരാധകർക്ക് മുന്നിൽ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് ബാൻഡ് നടത്തിയിരിക്കുന്നത്. അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങൾ.

സംഘത്തിലെ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബിടിഎസ് രൂപീകരിച്ച് ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇവർ ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു അത്താഴവിരുന്ന്. ലൈവ് പരിപാടിയിൽ ബാൻഡിന്റെ തുടക്കത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ സംഘം ഇനി അവരുടെ ജീവിതത്തിലുണ്ടാകാൻ പോകുന്ന വഴിത്തിരിവിനെ കുറിച്ച് പറഞ്ഞാണ് അവസാനിപ്പിച്ചത്. വർഷങ്ങളോളം ഒന്നിച്ച് താമസിച്ചിരുന്ന വീടിനെക്കുറിച്ചുള്ള ഓർമകളും ഇവർ പങ്കുവച്ചു. ഓരോരുത്തരുടെയും വ്യക്തിപരമായ കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിൽ പുതിയ വഴികൾ കണ്ടെത്താനുമാണ് ഇടവേളയെടുക്കുന്നതെന്നും ബിടിഎസ് അറിയിച്ചു. ഓരോരുത്തരും അവരുടെ സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ലോകത്തിനു മുന്നിലേയ്ക്ക് ഉടൻ എത്തുമെന്നും സംഘം അറിയിച്ചു. കുറച്ച് കാലത്തിന് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴുള്ളതിനെക്കാൾ ഗംഭീരമായ തിരിച്ചുവരവായിരിക്കുമെന്നും ബാൻഡ് അംഗങ്ങൾ ഉറപ്പ് നൽകി. ആരാധകരുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും ഇവർ പറഞ്ഞു.

എന്നാൽ ബിടിഎസിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണീരോടെയാണ് പല ആരാധകരും പ്രഖ്യാപനത്തോട് പ്രതികരിച്ചത്. സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം. സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള ബാൻഡുകളെല്ലാം പിന്നീട് തകർന്നു പോയ ചരിത്രമാണുള്ളത്. അതുകൂടി ചേർത്തു വായിക്കുമ്പോൾ ബിടിഎസ് ഇനി മടങ്ങിവരുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നാണ് ആരാധകർ വേദനയോടെ സമൂഹമാദ്ധ്യമങ്ങളിൽ കുറിക്കുന്നത്.