raju

ആടുജീവിതം സിനിമയുടെ വിദേശ ഷെഡ്യൂൾ പൂർത്തിയായതിനെ തുടർന്ന് പൃഥ്വിരാജ് അടുത്ത ദിവസം മടങ്ങിയെത്തും. മൂന്നുമാസത്തെ വിദേശ ചിത്രീകരണമാണ് പൂർത്തിയായത്. ആടുജീവിതം വിദേശ ചിത്രീകരണം പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ആടുജീവിതത്തിന്റെ പത്തുദിവസം ചിത്രീകരണം കേരളത്തിൽ അവശേഷിക്കുന്നുണ്ട്. മാർച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. മാർച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനിൽ എത്തി. കൊവിഡിനെ തുടർന്ന് ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. ഏപ്രിൽ 1ന് നിറുത്തിവച്ച ചിത്രീകരണം ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ ആണ് ആരംഭിച്ചത്. 40 ദിവസം സഹാറ മരുഭൂമിയിലും 35 ദിവസം ജോർദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. പൃഥ്വിരാജിനെ കാണാൻ ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും എത്തിയിരുന്നു. ഇവരോടൊപ്പമാണ് നാട്ടിലേക്ക് പൃഥ്വിരാജ് മടങ്ങുന്നത്. ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെ എ.ആർ. റഹ്മാൻ നീണ്ട ഇടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.