pak-pm-

ഇസ്ലാമാബാദ് : പട്ടിണി കിടക്കേണ്ടി വന്നാലും സൈന്യത്തിന് വാരിക്കോരി കൊടുക്കുന്ന പതിവ് നയം പാകിസ്ഥാൻ അവസാനിപ്പിക്കുന്നു. സാമ്പത്തിക തകർച്ചയുടെ വക്കിൽ രാജ്യം എത്തിയതോടെയാണ് ബഡ്ജറ്റിൽ സൈനിക വിഹിതം ഗണ്യമായി വെട്ടിക്കുറച്ചത്. 2022-23 ലെ ബഡ്ജറ്റിൽ സൈനിക ആവശ്യത്തിന് വേണ്ടിയുള്ള പ്രതിരോധ ബജറ്റ് ജിഡിപിയുടെ 2.8 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായിട്ടാണ് കുറച്ചത്. സൈനിക ബഡ്ജറ്റിൽ വരുത്തിയ കുറവിൽ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വിശദീകരണം നൽകുകയും ചെയ്തു.

ദുനിയ ന്യൂസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ തങ്ങൾ പരിമിതമായ ബഡ്ജറ്റിൽ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ എല്ലായ്‌പ്പോഴും പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച എന്നിവ കാരണമാണ് വിഹിതം കുറഞ്ഞതെന്ന് സൈന്യം വ്യക്തമാക്കി.

'കഴിഞ്ഞ വർഷം ഇത് ജിഡിപിയുടെ 2.8 ശതമാനമായിരുന്നു, ഇപ്പോൾ നമ്മൾ 2.2 ശതമാനത്തിലാണ്. അതിനാൽ ബജറ്റ് ജിഡിപിയിൽ തുടർച്ചയായി താഴേക്ക് പോവുകയാണ്,' ബാബർ ഇഫ്തിഖർ പറഞ്ഞു. പാക് ധനമന്ത്രിമിഫ്താ ഇസ്മായിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രതിരോധത്തിനായി 1,523 ബില്യൺ രൂപയാണ് അനുവദിച്ചത്. ഇത് രാജ്യത്തിന്റെ മൊത്തം ചെലവിന്റെ 17.5 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.