abuse

ഗാസിയാബാദ്: നീറ്റ് പരീക്ഷയ്ക്ക് പരിശീലനത്തിനെത്തിയ 19 കാരിയെ കെമിസ്ട്രി അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതി. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.


ഗാസിയാബാദ് സ്വദേശിയായ പ്രതി ഗാസിയാബാദിലെ നീറ്റ് കോച്ചിംഗ് സെന്ററിലാണ് ജോലി ചെയ്‌തിരുന്നത്. 2021 ഒക്ടോബർ മുതലാണ് പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നത്. അദ്ധ്യാപകൻ പെൺകുട്ടിയുടെ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ക്ലാസിനിടെ പലതവണ അദ്ധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.

നോട്ട്‌സ് തരുന്നതിനിടെ ശരീരത്തില്‍ മോശമായ രീതിയില്‍ ഇയാൾ സ്‌പ‌ർശിക്കുമായിരുന്നു. പലതവണ വിലക്കിയെങ്കിലും അദ്ധ്യാപകന്‍ ഉപദ്രവം തുടര്‍ന്നു. മേയ് 29ന് ഇയാൾ പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി. അദ്ധ്യാപകനെ തള്ളിമാറ്റിയാണ് കുട്ടി രക്ഷപ്പെട്ടത്.

തന്നെ മറ്റെന്തെങ്കിലും കോച്ചിംഗ് സെന്ററിൽ ചേർക്കാൻ പിതാവിനോട് പറഞ്ഞതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിത്തുടങ്ങിയത്. ഒടുവിൽ മാതാപിതാക്കൾ നിർബന്ധിച്ചതോടെയാണ് കുട്ടി സത്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു.