
ഇസ്‌ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജനങ്ങളോട് ചായകുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഭരണകൂടം. പാക് ആസൂത്രണ മന്ത്രി അഹ്‌സൻ ഇഖ്ബാലാണ് പ്രതിസന്ധി തരണം ചെയ്യാൻ വ്യത്യസ്തമായ നിർദേശം മുന്നോട്ടുവച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. കഴിഞ്ഞ വർഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചായക്കുടി കുറച്ച് ചെലവ് നിയന്ത്രിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടുവച്ചത്. ചായക്കുടിക്കുന്നത് ഒന്നോ രണ്ടോ കപ്പെങ്കിലും കുറയ്ക്കാൻ രാജ്യത്തോട് അഭ്യർത്ഥിക്കുകയാണെന്നും നിലവിൽ കടമെടുത്താണ് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതെന്നും അഹ്‌സൻ ഇഖ്ബാൽ കഴിഞ്ഞ ദിവസം പറഞ്ഞു.
പാകിസ്ഥാന്റെ വിദേശനാണയശേഖരം കാലിയായിക്കൊണ്ടിരിക്കുകയാണ്. അത്യാവശ്യമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ എണ്ണവിലയിലടക്കം വൻ വർദ്ധന വരുത്തിയ പാക് സർക്കാർ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. പാകിസ്ഥാൻ സർക്കാരിന് മുന്നിൽ പണപ്പെരുപ്പവും, ഊർജ്ജ ക്ഷാമവും വൻ വെല്ലുവിളി ഉയർത്തുകയാണ്.
ഊർജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘനാളായി വൈദ്യുതി മുടക്കം രാജ്യത്ത് പതിവാണ്. ഇപ്പോൾ ഇത് 12 മണിക്കൂർ വരെ നീട്ടിയത് തൊഴിലാളികളെയടക്കം വലിയൊരു വിഭാഗത്തെ ബാധിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും 12 മണിക്കൂർ വരെ പവർക്കട്ട് ഏർപ്പെടുത്തുകയും ചെയ്തു.