
കൊളംബോ : ശ്രീലങ്കയിൽ സർക്കാർ ജീവനക്കാർക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാല് ദിവസം മാത്രം. ശനി, ഞായർ ദിവസങ്ങൾ കൂടാതെ വെള്ളിയാഴ്ചകളിലും ശമ്പളത്തിൽ കുറവില്ലാതെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ഏകദേശം 10 ലക്ഷം സർക്കാർ - പൊതുമേഖലാ ജീവനക്കാരാണ് ശ്രീലങ്കയിലുള്ളത്.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഭക്ഷ്യക്ഷാമവും രൂക്ഷമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അവധി നൽകി ജീവനക്കാരെ ആ ദിവസങ്ങളിൽ തങ്ങൾക്കാവശ്യമായ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ ഈ തീരുമാനം.
അവധി ദിനങ്ങളിൽ തങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യാൻ ശ്രമിക്കണമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രവൃത്തി ദിനങ്ങൾ ചുരുക്കുന്നത് ഇന്ധനക്ഷാമത്തിലും പവർകട്ടിലും വലയുന്ന തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ പറയുന്നത്.