borewell

റാ‌യ്‌പൂർ: നീണ്ട 110 മണിക്കൂറുകൾക്ക് ശേഷം ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ 80 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാഹുൽ സാഹു എന്ന പത്ത് വയസുകാരൻ. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പിഹ്രിദ് ഗ്രാമത്തിലെ വീടിന്റെ പിന്നിൽ കളിക്കുമ്പോഴാണ് രാഹുൽ കുഴൽക്കിണറിൽ വീണത്.

ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് തൊട്ടുമുന്നേയാണ് അഞ്ച് ദിവസത്തോളം നീണ്ട കഠിന പ്രയത്നങ്ങൾക്കൊടുവിൽ രക്ഷാപ്രവർത്തകർ രാഹുലിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രാഹുലിന് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. ചുറ്റുമുണ്ടായിരുന്നവർ സന്തോഷക്കണ്ണീരോടെ തന്നെ പുറത്തേക്ക് വാരിയെടുക്കുമ്പോൾ തന്റെ കണ്ണുകൾ തുറന്ന് ഏവരെയും നോക്കുന്നുണ്ടായിരുന്നു രാഹുൽ. ഇത്രയും മണിക്കൂർ കുഴൽക്കിണറിനുള്ളിൽ കഴിയുമ്പോഴും രാഹുൽ കാട്ടിയ ധൈര്യം ആശ്ചര്യപ്പെടുത്തിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

രാഹുലിനൊപ്പം കിണറ്റിൽ ഒരു തവളയും പാമ്പും ഉണ്ടായിരുന്നതായി ജഞ്ച്ഗിർ ചമ്പ കളക്ടർ ജിതേന്ദ്ര ശുക്ല പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹവും ഇവിടെയുണ്ട്. രക്ഷാപ്രവർത്തനത്തിന് ഗുജറാത്തിൽ നിന്ന് റോബോട്ടിക് സംഘം കഴിഞ്ഞ ദിവസമെത്തിയിരുന്നു. ദുരന്ത നിവാരണ സേനയിലെയും സൈന്യത്തിലെയും അഞ്ഞൂറിലധികം പേരും രക്ഷാപ്രവർത്തനത്തിൽ അണിനിരന്നു. സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വലിയൊരു പാറ കണ്ടു. ഇത് ശ്രദ്ധാപൂർവം തുരന്ന് ചൊവ്വാഴ്ച രാത്രി 11.46ഓടെ രാഹുലിന്റെയടുത്ത് രക്ഷാപ്രവർത്തന സംഘമെത്തി.

എൻ.ഡി.ആർ.എഫ് കുഴൽക്കിണറിലെ വെള്ളം വ​റ്റിക്കാൻ തുടങ്ങിയിരുന്നു. കാമറകളിലൂടെ ഡോക്ടർമാർ രാഹുലിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുകയും പലപ്പോഴായി പഴവും ജ്യൂസും വെള്ളവും നൽകുകയും ഓക്സിജൻ പൈപ്പ് സ്ഥാപിക്കുകയും ചെയ്തു.

നിലവിൽ രാഹുലിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഐ.സി.യുവിൽ തുടരുന്ന രാഹുലിന്റെ പരിചരണത്തിന് ഡോക്ടർമാരുടെ സ്പെഷ്യൽ ടീമുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. രാഹുലിന്റെ കുടുംബവുമായി നിരവധി തവണ സംസാരിച്ച അദ്ദേഹം രാഹുലിനെ ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാഹുലിന്റെ ശരീരത്തിന്റെ പകുതിയോളം ഭാഗം വെള്ളം മൂടിയിരുന്നു. ഇതോടെ അടുത്തുള്ള രണ്ട് സ്റ്റോപ്പ് ഡാമുകൾ ഉടൻ തുറക്കാനും ഗ്രാമീണർ തങ്ങളുടെ കുഴൽക്കിണറുകൾ തുറക്കാനും കളക്ടർ അടിയന്തര ഉത്തരവിട്ടതോടെ വെള്ളം കൂടുതൽ ഉയരുന്നത് തടയാനായി.