cena

ആംസ്‌റ്റർഡാം: യുദ്ധം നാശംവിതച്ച യുക്രെയിനിൽ നിന്നും ഡൗൺസിൻട്രോം ബാധിച്ച കൗമാരക്കാരനായ മകനുമൊത്ത് നെതർലാൻറ്‌സിലെത്തിയതാണ് ആ അമ്മ. മരിയുപോളിൽ റഷ്യൻ സൈന്യം കടന്നുകയറി അവരുടെ വീട് നശിക്കുമെന്ന ഘട്ടത്തിലാണ് 19കാരനായ മിഷ റൊഹൊസിൻ എന്ന മകനുമൊത്ത് അമ്മ നാടുവിട്ടത്. ഡബ്ളി‌യുഡബ്ളിയുഇ ഇതിഹാസം ജോൺ സിനയെ കാണിച്ചുതരാമെന്ന് മകനെ വിശ്വസിപ്പിച്ചാണ് അമ്മ ലിയാനയ്‌ക്ക് രാജ്യം വിടാനായത്.

എന്നാൽ നെതർലാൻറിലെത്തിയതോടെ ജോൺ സീനയെ കാണാനാകില്ലെന്ന് മിഷയ്‌ക്ക് മനസിലായി. സീന ഇവിടെയില്ലെന്ന് അമ്മ പറഞ്ഞതോടെയാണിത്. എന്നാൽ ഈ വിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ജോൺ സീന തന്റെ ആരാധകനെ കാണാൻ നേരിട്ടെത്തി. ജൂൺ അഞ്ചിന് സീന ആംസ്‌ട്രഡാമിൽ എത്തിയ വീഡിയോ ഡബ്ളി‌യുഡബ്ളിയുഇ അവരുടെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. നെവർ ഗിവപ്പ് എന്നെഴുതിയ തന്റെ ടീ ഷർട്ടും തൊപ്പിയും ഒരു ചാമ്പ്യൻഷിപ്പ് ബെൽറ്റും നൽകി മിഷയെ സന്തോഷിപ്പിച്ചാണ് താരം മടങ്ങിയത്.

ഇതുവരെ അഞ്ചര ലക്ഷത്തോളംപേരാണ് വീഡിയോ കണ്ടത്. രണ്ടായിരത്തോളം കമന്റുകളും വന്നിട്ടുണ്ട്. ജോൺ സീനയെപ്പോലെ കരുണയുള‌ള കൂടുതലാളുകളെ സമൂഹത്തിൽ വേണമെന്നാണ് കമന്റ് ബോക്‌സിൽ നിറയുന്ന അഭിപ്രായം.