kk

കൊച്ചി : ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 2026 വരെ ക്ലബിൽ തുടരുന്ന മൾട്ടി ഇയർ കരാറാണ് താരവുമായി ഒപ്പുവച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു. എന്നാൽ കരാർ തുക ക്ലബ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

മുംബയ് എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18 വരെയുള്ള എല്ലാ വിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്‌.സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് യൂണിയന്‍ ബാങ്ക് എഫ്‌.സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു. 2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബിനായി 33 മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗോവന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി.

ഐ ലീഗിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ ബ്രൈസിന് യു.എ.ഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 23 ദേശീയ ടീമിലേക്ക് വിളിയെത്തുന്നതിനും കാരണമായി. പ്രീസീസണിന്റെ തുടക്കത്തില്‍ ബ്രൈസ് കൊച്ചിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.