
തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മുൻമന്ത്രി കെ.ടി.ജലീൽ. കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് സംഘർഷമുണ്ടായെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് കെ ടി ജലീലിന്റെ പ്രതികരണം.
' ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം, രാഹുൽജിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചള.
ഇതെന്തു നീതി ഇതെന്തു ന്യായം, പറയട പറയട കോൺഗ്രസ്സേ, മൊഴിയട മൊഴിയട, മുസ്ലിംലീഗേ
,' ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
എ.ഐ.സി.സി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ എല്ലാ രാജ്‌ഭവനുകളും ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടാവും. നാഷണൽ ഹെറാൾഡ് കേസിൽ ഒരു ലക്ഷം രൂപ കമ്മീഷൻ നൽകിയതിൽ തെളിവുണ്ടെന്ന് ഇ.ഡി പറഞ്ഞു. നിഴൽ കമ്പനിക്ക് പണം നൽകിയതിൽ രാഹുൽ വിശദീകരണം നൽകിയില്ലെന്നുമാണ് റിപ്പോർട്ടുകൾ.