
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കൊവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിച്ചുരുക്കി. ശനി, ഞായർ ദിവസങ്ങളിലായി ചേരാനിരുന്ന യോഗം ഒറ്റ ദിവസത്തേക്ക് മാത്രമായി ചുരുക്കി. ഓൺലൈനായാകും യോഗം ചേരുക. കൊവിഡ് രോഗവ്യാപനം രാജ്യത്ത് കൂടുന്നതിനാലാണിതെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് 8822 കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ മൂവായിരത്തിലധികം കേസുകളുളള കേരളമാണ് മുന്നിൽ. മഹാരാഷ്‌ട്രയിൽ 2956 പേർക്കും ഡൽഹിയിൽ 118 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളിലേതിനെക്കാൾ 33 ശതമാനം വർദ്ധനയാണ് രാജ്യത്തുണ്ടായത്. മഹാരാഷ്‌ട്രയിൽ ഇത് 80 ശതമാനവും ഡൽഹിയിൽ 82 ശതമാനവുമാണ്.
ഇന്ന് കേരളത്തിൽ 3419 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 16.32 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കണക്ക് ഉയരുന്നതിനാൽ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് സുരക്ഷ പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.