
കൊച്ചി : സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയിൽ കൃത്രിമം നടന്നതായി ആവർത്തിച്ച് ഷാജ് കിരൺ. ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണ്. വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പിക്ക് താൻ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണ സംഘത്തെ അറിയിച്ചതായി ഷാജ് കിരൺ പറഞ്ഞു. തന്റെ മൊബൈൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നും ഷാജ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്‌തത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ഓഡിയോയും സ്വപ്ന പുറത്തുവിട്ടിരുന്നു.
അതേസമയം മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്ന സ്വപ്നയുടെ സത്യവാങ്‌മൂലത്തിലെ വവിരങ്ങളും ഇന്ന് പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായി സ്വപ്നയുടെ സത്യവാങ്‌മൂലത്തിൽ പറയുന്നു. ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി. ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സ്വപ്ന പറയുന്നു.