
മുഖം മറയ്‌ക്കുന്ന വസ്‌ത്രം ധരിച്ച് ഒപ്പം കറുത്ത മാസ്‌കും കറുത്ത സൺഗ്ളാസുമായി ഹൈദരാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങി ഷാരൂഖ് ഖാൻ. ഒപ്പം സംവിധായകൻ അറ്റ്‌ലിയും. ബുധനാഴ്‌ച താരത്തിന്റെ ഫാൻ അക്കൗണ്ടുകളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും അനുസരിച്ച് 2023ൽ അറ്റ്‌ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'ജവാൻ' ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദിലെത്തിയതാണ് താരവും സംവിധായകനും.
താരത്തിന്റെ പുതിയ ലുക്ക് എങ്ങനെയെന്ന് വ്യക്തമല്ല. വെളള ടീഷർട്ടും ചാരനിറത്തിലുളള ജീൻസുമാണ് സൂപ്പർതാരത്തിന്റെ വേഷം. താരം തന്റെ പുതിയ ലുക്ക് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ് ആരാധകർ വീഡിയോ കണ്ട് ചോദിക്കുന്നത്. ജവാനിൽ ഷാരൂഖിന്റെ നായികയാകുക നയൻതാരയാണ്. ജൂൺ ഒൻപതിന് നയൻതാരയുടെ വിവാഹത്തിനാണ് ഷാരൂഖ് ഖാനെ മുൻപ് കണ്ടത്.
പത്താൻ ആണ് ഷാരൂഖിന്റെ അടുത്തതായി വരാനുളള ചിത്രം. 2023 ജനുവരിയിൽ ചിത്രം റിലീസാകുമെന്നാണ് സൂചന. ജവാൻ,ഡങ്കി എന്നീ ചിത്രങ്ങളാണ് പിന്നാലെയുളളത്. ജൂൺ രണ്ടിന് ജവാന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറക്കിയിരുന്നു. കോടിക്കണക്കിന് പേരാണ് വീഡിയോ ഇതിനകം കണ്ടത്.