protest

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. മൂന്നാം പ്രതി സുനിത് നാരായണനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുക. വിമാനത്തിനകത്ത് പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഇയാളാണ്.

സംഭവത്തിന് പിന്നാലെ സുനിത് ഒളിവിൽ പോകുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരുടെ ജാമ്യഹർജി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. കേസിലെ ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരാനാണ് ഡി ജി പിയുടെ നിർദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും പരിശോധന നടത്തും.