
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പരാമർശം. ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചുവെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
കോൺസൽ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവർ തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു. '17 ടൺ ഈന്തപ്പഴം കേരളത്തിലെത്തിച്ചു. ഇതിലെ ചില പെട്ടികൾക്ക് അസാധാരണ തൂക്കമുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ചില പെട്ടികൾ പിന്നീട് കാണാതായി.'-എന്നും ആരോപിക്കുന്നു.
'ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയാണ്. മുംബയ് ആസ്ഥാനമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ബിനാമി സഹായത്തോടെ ഖുറാൻ കൊണ്ടുവന്നു. ഖുറാൻ കൊണ്ടുവന്നത് പുറത്തെ കോൺസുലേറ്റ് വഴി. നടപടി കേരളത്തിൽ ചെയ്തത് പോലെ സംശയാസ്പദമാണ്.'-സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും പരാമർശമുണ്ട്. ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഇടപെട്ട് അതിന് അവസരമൊരുക്കി. മിഡിൽ ഈസ്റ്റ് കോളേജിന് ഭൂമിക്കുവേണ്ടിയായിരുന്നു കൂടിക്കാഴ്ച. ഇടപാടിനായി ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപിച്ചത്. പണം കോൺസൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നുവെന്നുമാണ് പരാമർശം.
അതേസമയം, സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിന്റെയും രഹസ്യമൊഴിയുടെയും പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെയുള്ള രഹസ്യമൊഴിയുടെ പകർപ്പാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.