cpm

കോഴിക്കോട്: തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സി പി എം പ്രവർത്തകർക്കെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.

ക്രമസമാധാനം തകർക്കുക, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം തിക്കോടി ടൗണിൽ നടന്ന സി പി എം റാലിക്കിടെയായിരുന്നു പ്രവർത്തകർ പ്രകോപന മുദ്രാവാക്യം വിളിച്ചത്.

'വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കുത്തിക്കീറു'മെന്നും ഷുഹൈബിനെയും കൃപേഷിനെയും ഓർമയില്ലേ എന്നും ചോദിച്ചുകൊണ്ടായിരുന്നു സി പി എമ്മിന്റെ റാലി. സംഭവത്തിന്റെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു.