
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയോട് നാലാംഘട്ട ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇഡി. കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നുദിവസം കൊണ്ട് 30 മണിക്കൂർ നീണ്ട ചോദ്യംചെയ്യലാണ് രാഹുൽ ഗാന്ധി നേരിട്ടത്.
അതേസമയം, രാഹുലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘർഷത്തിലേയ്ക്ക് നയിച്ചിരുന്നു. സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും സെപ്ഷ്യൽ കമ്മീഷണർ ഡോ സാഗർ പ്രീത് ഹൂഢാ പറഞ്ഞു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഉൾപ്പെടെ 240 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.