
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. അസംബന്ധമാണ് സ്വപ്ന പറഞ്ഞത്. ഇത് ശൂന്യതയിൽ നിന്ന് ഉന്നയിച്ച ആരോപണങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഷാർജയിൽ കോളേജ് തുടങ്ങിയിട്ടില്ലെന്നും സ്ഥലം കിട്ടിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഷാർജ ഭരണാധികാരിയെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യു എ ഇ കോൺസൽ ജനറലിന്റെ നമ്പർ തന്റെ കൈവശമില്ല. ഷാർജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോയെന്നും അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. മിഡിൽ ഈസ്റ്റ് കോളേജിന് ഭൂമിക്കുവേണ്ടി ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും, ഇടപാടിനായി ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.