
നാഗ്പൂർ: അഞ്ഞൂറുരൂപ ആവശ്യപ്പെട്ടപ്പോൾ എ ടി എം നൽകിയത് 2500 രൂപ. ഓരോതവണ ശ്രമിക്കുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മായിരുന്നു പണം എടുക്കാനെത്തിയവർക്ക് കൈ നിറയെ നോട്ടുകൾ നൽകിയത്.
വാർത്ത കാട്ടുതീ പോലെ പടർന്നു. നിമിഷങ്ങൾക്കകം എ ടി എമ്മിന് മുന്നിൽ ജനസമുദ്രമായി. ഇടിച്ചുകയറാൻ ചിലർ ശ്രമിച്ചതോടെ ആകെ ബഹളമായി. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമായതോടെ ഒരാൾ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സഹായത്തോടെ എ ടി എം സെന്റർ അടപ്പിച്ചു.
സാങ്കേതിക തകരാറാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ആദ്യം കരുതിയതെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ മെഷീനിലെ ട്രേയിൽ നോട്ടുകൾ തെറ്റായി സൂക്ഷിച്ചതാണ് കൂടുതൽ നോട്ടുകൾ വിതരണം ചെയ്യാൻ ഇടയാക്കിയതെന്ന് വ്യക്തമായി. 100 രൂപ നോട്ടുകൾ സൂക്ഷിക്കേണ്ട ട്രേയിൽ 500 രൂപയുടെ നോട്ടുകൾ വയ്ക്കുകയായിരുന്നു. പണം നിറച്ചവരുടെ അശ്രദ്ധയാണ് കുഴപ്പമുണ്ടാക്കിയത്. എത്രരൂപ നഷ്ടപ്പെട്ടു എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ കേസ് നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.