
തിരുവനന്തപുരം: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സി പി എം നേതാവ്.നെടുമങ്ങാട് ഏരിയ സെക്രട്ടറി ജയദേവനാണ് ഭീഷണിമുഴക്കിയത്. പൊലീസുകാർ അധികകാലം ഇങ്ങനെ ഞെളിഞ്ഞ് ഇരിക്കാമെന്ന് കരുതേണ്ടെന്നാണ് മുന്നറിയിപ്പ്.
സി ഐ സന്തോഷിനും, എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് അധിക്ഷേപിച്ചത്. ഇവർ അഴിമതിക്കാരാണെന്നും പണപ്പിരിവ് നടത്തുന്നെന്നുമൊക്കെയാണ് ആരോപണം. ഇതിനെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നെടുമങ്ങാട്ടെ ജനത കൈകാര്യം ചെയ്യുമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ജയദേവനും പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മിക്ക കേസുകളിലും ഏരിയ സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും നിയമത്തിനെതിരായതിനാൽ ചെയ്യുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കാനം രാജേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്നലെ ഏഐവൈഎഫ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ കൊടി കത്തിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അത് തടയുകയും ഇവരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന യോഗത്തിലെ പ്രസംഗത്തിലാണ് സി ഐ സന്തോഷിന്റെയും, എസ് ഐ വിനോദ് വിക്രമാദിത്യന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അധിക്ഷേപിച്ചത്.