gold

മുംബയ്: എലികൾ 'അടിച്ചുമാറ്റിയ' ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. മുംബയ് ഗോകുൽധാം കോളനിക്ക് സമീപത്താണ് വിചിത്ര സംഭവം അരങ്ങേറിയത്. കണ്ടെടുത്ത സ്വർണത്തിന് അഞ്ചുലക്ഷം രൂപയിലേറെ വിലയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സി സി ടി വി പരിശോധനയിലാണ് എലികളെ കണ്ടെത്തിയതും തുടർന്ന് സ്വർണം വീണ്ടെടുത്തതും.

സംഭവിച്ചത് ഇങ്ങനെ

ഒരു സ്ത്രീയുടേതാണ് സ്വർണം. ലോക്കറിൽ വയ്ക്കാനായി ബാഗിലാക്കിയ സ്വർണവുമായാണ് അവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. വഴിയിൽ തെരുവുകുട്ടികളെ കണ്ടതോടെ അവർക്ക് ആഹാരം നൽകി. എന്നാൽ ആഹാരം സൂക്ഷിച്ചിരുന്ന ബാഗിന് പകരം സ്വർണം സൂക്ഷിച്ചിരുന്ന ബാഗാണ് കുട്ടികൾക്ക് നൽകിയത്. ബാങ്കിൽ എത്തിയപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്. അപ്പോൾത്തന്നെ പൊലീസിനെ വിവരമറിയിച്ചു.

ബാഗ് പരിശോധിച്ച കുട്ടികൾ ആഹാരസാധനങ്ങൾ ഒന്നും കാണാത്തതിനാൽ അത് മാലിന്യക്കൂനയിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ നിന്നാണ് എലികൾ സ്വർണമെടുത്തത്. സ്ത്രീയുടെ പരാതിയെത്തുടർന്ന് ബാഗ് കണ്ടെത്താൻ പൊലീസ് നഗരത്തിലെ സി സി ടി വികൾ മുഴുവൻ പരിശോധിച്ചു. അപ്പോഴാണ് എലികൾ സ്വർണവുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.സ്വർണം മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.