
പത്തനംതിട്ട: അടൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽഏൽപ്പിച്ചു. ഇളമണ്ണൂരിലാണ് സംഭവം നടന്നത്. ഭിക്ഷ ചോദിച്ചാണ് ഇവർ വീട്ടിലെത്തിയത്. പണം എടുക്കാനായി വീട്ടുകാർ അകത്തേയ്ക്ക് പോകുന്നതിനിടെയാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ കടന്നുകളഞ്ഞത്.
സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന ഇവരെ ആദ്യം കണ്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോവുകയാണെന്ന് മനസിലാക്കിയ തൊഴിലാളികൾ നാടോടി സ്ത്രീയുടെ പിന്നാലെ ഓടി. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിയിക്കുകയുമായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ ഊമയായി അഭിനയിച്ചു. ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഇവർ പല വീടുകളിലും ഭിക്ഷ ചോദിച്ച് ചെന്നിരുന്നതായും നാട്ടുകാർ പറയുന്നു.