rahul-gandhi

ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മദ്ധ്യപ്രദേശിലും പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. 'റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' രാഹുല്‍ ട്വീറ്റ് ചെയ്തു.

എന്നാൽ അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രതിഷേധങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. പല രാജ്യങ്ങളിലും സമാനമായ രീതിയിൽ സൈന്യത്തിൽ നിയമനം നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് തീരുമാനമെടുത്തതെന്നുമാണ് കേന്ദ്രം പറയുന്നത്. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ ജോലി സാദ്ധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രം വ്യക്തമാക്കി.

न कोई रैंक, न कोई पेंशन

न 2 साल से कोई direct भर्ती

न 4 साल के बाद स्थिर भविष्य

न सरकार का सेना के प्रति सम्मान

देश के बेरोज़गार युवाओं की आवाज़ सुनिए, इन्हे 'अग्निपथ' पर चला कर इनके संयम की 'अग्निपरीक्षा' मत लीजिए, प्रधानमंत्री जी।

— Rahul Gandhi (@RahulGandhi) June 16, 2022

അതേസമയം, അഗ്നിപഥിനെതിരെ രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധക്കാരോട് സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇരു വശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. സേനയുടെ അച്ചടക്കവും ഊർജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.