
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നു. ബീഹാറിലും ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലുമെല്ലാം പ്രതിഷേധക്കാർ തെരുവകളിലേക്കിറങ്ങി. പലയിടങ്ങളിലും റോഡ്, ട്രെയിൻ ഗതാഗതം സ്തംഭിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ട്രെയിൻ ഗ്വാളിയോർ സ്റ്റേഷനിലെത്തിയപ്പോൾ ഇരുമ്പുവടിയും കല്ലുകളുമായിട്ടാണ് പ്രതിഷേധക്കാർ തടഞ്ഞത്.
എഞ്ചിൻ മുതൽ അവസാനത്തെ ബോഗി വരെ ട്രെയിനിന്റെ എല്ലാഭാഗത്തും അക്രമം നടന്നിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധക്കാർ എ സി കമ്പാർട്ട്മെന്റിലെ ഗ്ലാസുകൾ അടിച്ചു തകർത്തു. കാർഡ് ബോർഡുകൾ വച്ച് ഗ്ലാസുകൾ താൽകാലികമായി അടച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. പ്ലാറ്റ്‌ഫോമിലും പ്രതിഷേധക്കാർ ആക്രമണം നടത്തി.
ബീഹാറിൽ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. ഭാഭുവ റോഡ് റെയിൽവേ സ്‌റ്റേഷനിൽ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു.
അറായിലെ റെയിൽവേ സ്റ്റേഷനിൽ, പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാർ ഫർണിച്ചറുകൾ ട്രാക്കിലേക്ക് എറിഞ്ഞ് കത്തിച്ചു.
ആരോഗ്യവും അച്ചടക്കവുമുള്ള യുവത്വത്തെ വാർത്തെടുക്കൽ, ഇവർക്ക് ഉന്നത ജീവിത നിലവാരം ഉറപ്പാക്കൽ തുടങ്ങി ബൃഹദ് ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാലു വർഷ സേനാസർവീസിന് (അഗ്നിപഥ്) കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
തിരഞ്ഞെടുക്കപ്പെടുന്നവരിൽ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം നിയമനം ലഭിക്കുകയുള്ളൂവെന്നതും ഇത് തൊഴില്‍ സാദ്ധ്യതയെ ബാധിക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെയും ബാധിക്കും.
പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും വിമർശനമുന്നയിച്ചിട്ടുണ്ട്. റാങ്കും പെൻഷനുമില്ല. രണ്ട് വർഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാല് വർഷത്തിന് ശേഷം ഭാവിയെന്തെന്ന് സ്ഥിരതയുമില്ല. തൊഴിൽ രഹിതരുടെ ശബ്ദം കേൾക്കൂവെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
നാല് വർഷത്തെ കരാർ നിയമനം നൽകി പ്രൊഫഷണൽ സൈനിക വളർത്തിയെടുക്കാനാകില്ലെന്നും പെൻഷൻ പണം ലാഭിക്കാനുള്ള ശ്രമം സൈന്യത്തിന്റെ കാര്യശേഷിയെ ബാധിക്കുമെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തിയത്.