dani-alves

ഡാനി ആൽവ്സ് വീണ്ടും ബാഴ്സലോണ വിട്ടു

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ബ്രസീലിയൻ താരം ഡാനി ആൽവ്സ് ക്ളബിനൊപ്പമുള്ള തന്റെ രണ്ടാമൂഴവും മതിയാക്കുന്നു. 39 കാരനായ ഡാനി അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം 2021ലാണ് ബാഴ്സലോണയിൽ തിരിച്ചെത്തിയിരുന്നത്. ഒരു വർഷത്തേക്കുള്ള കരാർ അവസാനിച്ചതോടെ ഇനി പുതുക്കുന്നില്ലെന്ന് താരവും ക്ലബ്ബും അറിയിക്കുകയായിരുന്നു.

2008-ലാണ് ഡാനി ആൽവ്സ് ആദ്യമായി ബാഴ്‌സയിലെത്തിയത്. 2016 വരെ ബാഴ്സ പ്രതിരോധത്തിലെ കുന്തമുനയായിരുന്നു. 2016 ൽ ബാഴ്‌സ വിട്ട് യുവന്റസിലേക്കും അവിടെനിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കും പോയി.2019മുതൽ ബ്രസീലിയൻ ക്ളബ് സാവോ പോളോയിലായിരുന്ന ഡാനി കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ലാ ലിഗയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ സ്പാനിഷ് ക്ളബിലേക്ക് തിരികെയെത്തുകയായിരുന്നു.

ബാഴ്‌സലോണയ്ക്ക് വേണ്ടി 408 മത്സരങ്ങളിൽ ഡാനി ആൽവ്സ് കളിച്ചിട്ടുണ്ട്. ക്ളബിന്റെ ആറ് ലാ ലിഗ,മൂന്ന് ചാമ്പ്യൻസ് ലീഗ് , നാല് കോപ്പ ഡെൽ റേ കിരീടനേട്ടങ്ങളിൽ പങ്കാളിയായി.ബാഴ്‌സയിൽ നിന്ന് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ ബാഴ്സയുടെ പരിശീലക സംഘത്തിൽ അംഗമാകുമോ എന്ന ചോദ്യങ്ങൾക്ക് ഡാനി ആൽവ്സ് കൃത്യമായ ഉത്തരം നൽകിയിട്ടില്ല.

2006 മുതൽ ബ്രസീൽ ദേശീയ ടീമിൽ അംഗമാണ്.124 മത്സരങ്ങളിൽ രാജ്യത്തിന്റെ കുപ്പായമണിഞ്ഞു.ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേ‌ടിയ ബ്രസീലിയൻ ടീമിൽ ഉണ്ടായിരുന്ന ഡാനി 38-ാം വയസിൽ ഒളിമ്പിക് മെഡൽ നേടുന്ന ഏറ്റവും പ്രായമേറിയ ഫുട്ബാൾ താരമെന്ന റെക്കാഡും സ്വന്തമാക്കി.