kunjalikkutty

പത്തനംത്തിട്ട: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് തങ്ങൾക്ക് അറിയേണ്ടതെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളിൽ മുസ്ലീം ലീഗ് സജീവമല്ലെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല തങ്ങളെന്നും എന്നാൽ അതിന്റെ നിജസ്ഥിതി അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ പ്രതിപക്ഷം പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നീതിപൂർവവും നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭങ്ങൾ പ്രതിപക്ഷം മയപ്പെടുത്തിയേക്കുമെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടി നൽകുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാന രീതിയിൽ പ്രതികരിച്ചിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകാനില്ലെന്ന് സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയും ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് ആവർത്തിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സ്വപ്ന സുരേഷിന് അജണ്ടയുണ്ടെന്ന തോന്നൽ യുഡിഎഫ് നേതാക്കന്മാരിൽ പരക്കെ ഉടലെടുത്തിട്ടുണ്ട്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് ഇടതുപക്ഷം തുടർച്ചയായി ആരോപിക്കുമ്പോൾ സ്വപ്നയുടെ ആരോപണങ്ങൾ ഏറ്റുപിടിക്കുന്നത് വിപരീതഫലം ചെയ്യുമെന്ന ആശങ്കയും യുഡിഎഫ് ക്യാമ്പിലുണ്ട്.