renuka-chowdhary

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസുകാരന്റെ കോളറിൽ പിടിച്ച വനിതാ കോൺഗ്രസ് നേതാവും മുൻ എംപിയുമായ രേണുക ചൗധരിക്കെതിരെ പൊലീസ് കേസ്. ഹൈദരാബാദിൽ ഇന്ന് രാവിലെ നടന്ന പ്രക്ഷോഭത്തിനിടെയാണ് സംഭവം. പ്രക്ഷോഭത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം പ്രചരിച്ചിരുന്നു. പൊലീസുദ്യോഗസ്ഥന്റെ കൃത്യനി‌ർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ഐപിസി 353 പ്രകാരമാണ് രേണുക ചൗധരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് രേണുക ചൗധരി അദ്ദേഹവുമായി തർക്കിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന് പിന്നാലെ രേണുകയെ ഏതാനും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പൊലീസ് വാനിലേക്ക് പിടിച്ചുകൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം.

#WATCH | Telangana: Congress leader Renuka Chowdhury holds a Policeman by his collar while being taken away by other Police personnel during the party's protest in Hyderabad over ED summons to Rahul Gandhi. pic.twitter.com/PBqU7769LE

— ANI (@ANI) June 16, 2022

എന്നാൽ തനിക്ക് കാലിന് സുഖമില്ലാത്തതിനാൽ ഉന്തിലും തള്ളിലും താഴെ വീഴാൻ പോയതിനാലാണ് പൊലീസുദ്യോഗസ്ഥന്റെ കോളറിൽ പിടിച്ചതെന്ന് രേണുക ചൗധരി വിശദീകരണം നൽകി. താൻ വേണമെങ്കിൽ പൊലീസുദ്യോഗസ്ഥനോട് മാപ്പ് ചോദിക്കാനും തയ്യാറാണെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന തങ്ങളെ അനാവശ്യമായി തള്ളിമറിച്ചിടാൻ ശ്രമിച്ചതിന് പൊലീസുകാരും മാപ്പ് പറയണമെന്ന് രേണുക ആവശ്യപ്പെട്ടു. വനിതാ നേതാക്കന്മാരുടെ ചുറ്റും എന്തിനാണ് ഇത്രയേറെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരെ അണിനിരത്തിയതെന്ന് മേലുദ്യോഗസ്ഥർ വിശദീകരിക്കണമെന്നും രേണുക പിന്നീട് ആവശ്യപ്പെട്ടു.

Why were male police officers around me? pic.twitter.com/oHRQ8YqHzz

— Renuka Chowdhury (@RenukaCCongress) June 16, 2022

രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച 'ചലോ രാജ്ഭവൻ' മാർച്ചിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്. നാഷണൽ ഹെറാൾഡ്-എജെഎൽ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തുവരികയാണ്.