
ന്യൂഡൽഹി: എയർബസിന്റെ എ 350 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. മാർച്ച് 2023ഓടെ ആദ്യ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, എത്ര എ350 വിമാനങ്ങൾ വാങ്ങുമെന്നത് വ്യക്തമല്ല.
ദീർഘദൂര സർവീസുകൾക്ക് യോജിക്കുന്ന വലിയ ഇന്ധന ടാങ്കുകളാണ് എ 350 വിമാനങ്ങളുടേത്. എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് ബോയിങ് വിമാനക്കമ്പനിയുടെ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ എയർബസിന്റെ എ350 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വീണ്ടും പരിശീലനം നൽകേണ്ടതുണ്ട്. പ്രത്യേക പരിശീലനം ആവശ്യമുണ്ടോ എന്ന് തങ്ങളുടെ മുതിർന്ന പൈലറ്റുമാരോട് എയർ ഇന്ത്യ ചോദിച്ചതായും റിപ്പോർട്ടുണ്ട്.
ജനുവരി 27നാണ് പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. 2006ലാണ് എയർ ഇന്ത്യ അവസാനമായി വിമാനങ്ങൾ വാങ്ങിയത്.