kk

തിരുവനന്തപുരം : പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ലോകകേരള സഭ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവർക്കും സ്വാഗതവും ആശംസയും അറിയിക്കുന്നതായും മലയാളത്തിൽ ഗവർണർ പറഞ്ഞു. ലോക കേരളസഭയെ ഇകഴ്‌ത്തുന്ന പരാർശങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണെന്ന് സ്പീക്കർ എം.ബി,​ രാജേഷ് പറ‌ഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. യു.ഡി.എഫ് എം.എൽ.എമാരും ചടങ്ങ് ബഹിഷ്കരിച്ചു.

ലോകകേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളിൽ ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.